District News
കോതമംഗലം: രാജ്യത്തിന് ഒളിമ്പ്യന്മാരെയും, നിരവധി രാജ്യാന്തര കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ പങ്ക് നിസ്തുലമാണെന്ന് അർജുന അവാർഡ് ജേതാവ് ജോസഫ് ജി. ഏബ്രഹാം. എംഎ കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ കായിക പ്രതിഭകൾക്കും, പരിശീലകർക്കും, അധ്യാപകർക്കും കോളജ് അസോസിയേഷൻ ഒരുക്കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കായിക വകുപ്പ് മുൻ മേധാവികളായ പ്രഫ. പി.ഐ. ബാബു, ഡോ. മാത്യൂസ് ജേക്കബ്, പൂർവ വിദ്യാർഥിയും കായിക പരിശീലകനുമായ ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി. ഔസേഫ്, കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ അർജുന അവാർഡ് ജേതാവ് എൽദോസ് പോൾ, രാജ്യാന്തര പഞ്ചഗുസ്തി താരം ജസ്റ്റിൻ ജോസ്, കായിക വകുപ്പ് മേധാവി പ്രഫ. ഹാരി ബെന്നി ചെട്ടിയാംകുടിയിൽ എന്നിവർ പ്രസംഗിച്ചു.
ഒളിമ്പ്യന്മാരായ അനില്‍ഡാ തോമസ്, ടി. ഗോപി തുടങ്ങി വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ദേശീയ ടീമിന്റെ ഭാഗമായിരുന്ന എംഎ കോളജിലെ മുൻ അന്തർദേശീയ കായിക താരങ്ങൾ, പരിശീലകർ, എംഎ ഇന്റർ നാഷണൽ സ്കൂളിൽനിന്ന് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക പ്രതിഭകൾ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: അന്യായമായി നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.
അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നും ഇവര്‍ പറയുന്നു. ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നത് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കും.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തിൽ നിന്നുള്ള ആഡംബര ബസുകളിൽ നിന്നാണ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായമായി നികുതി ചുമത്തുന്നത്.
Kerala
കോട്ടയം: ഇടിമിന്നലേറ്റ് സിഗ്നലിനു തകരാർ സംഭവിച്ചതിനാൽ കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്.
ഇതോടെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം - കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
തുടർന്ന് തകരാർ പരിഹരിച്ച് വൈകുന്നേരം 3.40 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം അധികൃതർ ലൈനിൽ വിശദമായ പരിശോധനയും നടത്തി.